പൗർണ്ണമിസാധന

പൗർണ്ണമി ഉപാസന


 മുൻ ലേഖനത്തിൽ അമാവാസി സാധനയുടെ പ്രാധാന്യത്തെ പറ്റി പ്രതിപാദിച്ചിരുന്നു. ഭാരതീയ ഉപാസനാ വിധാനങ്ങളിൽ തന്നെ പ്രകീർത്തിതമായ പല സംവിധാനങ്ങളിലും പൗർണ്ണമി ഉപാസനക്കാണ് പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത്. എന്താണ് ഇവ തമ്മിലെ വ്യത്യാസമെന്ന് ചിന്തിക്കാം.


           പരസ്പരബന്ധിതവും നിരന്തരവുമായ പ്രപഞ്ച ചലനത്തിൻ്റെ വ്യത്യസ്തമായ രണ്ട് തലങ്ങളാണ് അമാവാസിയും പൗർണ്ണമിയും. ജ്യോതിഷ പരമായി പറഞ്ഞാൽ സൂര്യനും ചന്ദ്രനും 0°യിൽ വരുമ്പോഴാണ് അമാവാസി ഉണ്ടാകുന്നതെങ്കിൽ 180°യിൽ വരുമ്പോൾ പൗർണ്ണമിയുണ്ടാകുന്നു. ഓരോ പൗർണ്ണമിയും അമാവാസിയിലേക്കും ഓരോ അമാവാസിയും പൗർണ്ണമിയിലേക്കുമുള്ള അയനത്തിനാണ് തുടക്കം കുറിക്കുന്നത്. അമാവാസി പരമാത്മാവിൻ്റെ പരമമായ ശക്തിയെ ഉൾക്കൊണ്ടുള്ള നിർഗുണാവസ്ഥയെ അഥവാ ധ്യാനാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നെങ്കിൽ പൗർണ്ണമി പരമാത്മചൈതന്യത്തിൻ്റെ പ്രകാശിതമായ സഗുണാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. അമാവാസി മുക്തിയെ പ്രതിനിധീകരിക്കുമ്പോൾ പൗർണ്ണമി ഭുക്തിയെ പ്രതിനിധീകരിക്കുന്നു. 


             നമ്മുടെ നാട്ടിൽ സാധകർ രണ്ടുതരമുണ്ട്. സംന്യാസി സാധകരും, ഗൃഹസ്ഥസാധകരും. ഭൂരിപക്ഷം പേരു ഗൃഹസ്ഥ സാധകരാണ്. സംന്യാസി സാധകരെ സംബന്ധിച്ച് അവർ മുക്തിയെ മാത്രം കാംക്ഷിക്കുന്നവരാണ്. എന്നാൽ ഗൃഹസ്ഥ സാധകനെ സംബന്ധിച്ച് ഭുക്തിയും മുക്തിയും ഒരേപോലെ ആവശ്യമാണ്. ഭുക്തി എന്ന പദം ഭോഗത്തെ സൂചിപ്പിക്കുന്നു. ഒരു ഗൃഹസ്ഥനെ സംബന്ധിച്ച് അവന് ഉപഭോഗം ചെയ്യാൻ സമ്പത്ത്, ധാന്യങ്ങൾ, ഗൃഹം, ആരോഗ്യം എന്നിവയെല്ലാം അനിവാര്യമാണ്. ഇവയെല്ലാം നമുക്ക് പൂർണ്ണമായി ലഭിക്കുന്നത്; എപ്രകാരമാണോ സൂര്യൻ്റെ കലകൾ പൂർണ്ണമായും ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രൻ പൂർണ്ണമായും പ്രകാശിതമാകുന്നത് അപ്രകാരം പരമാത്മചൈതന്യത്തിൻ്റെ പൂർണ്ണമായ അനുഗ്രഹം നമ്മിൽ പതിക്കുമ്പോൾ നമ്മൾ ദീർഘായുസ്സ്, പൂർണ്ണാരോഗ്യം, സമ്പൽ സമൃദ്ധി എന്നിവയുള്ളവരായി ഭവിക്കുന്നു. 


             ഭാരതീയ ദർശനങ്ങളിലെ സാധനാ സംവിധാനങ്ങൾ പൂർണ്ണവും ഭക്തന് ഭുക്തി-മുക്തി പ്രദായകവുമാണ് എന്നത് നിസ്സംശയമാണ്. ഭുക്തിയെ മാത്രം കാംക്ഷിക്കുന്നവർ സകല സമ്പൽ സമൃദ്ധിയിലും മനഃശ്ശാന്തിയില്ലാതെയലയുന്നു. മുക്തിയെ മാത്രം കാംക്ഷിക്കുന്നവൻ മനഃശ്ശാന്തിയുണ്ടെങ്കിലും ദാരിദ്ര്യാവസ്ഥയിലും കഴിയുന്നു. ഭുക്തിയും മുക്തിയും കാംക്ഷിക്കുന്നവർക്ക് അമാവാസി സാധനയും, പൗർണ്ണമി സാധനയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളായി കണ്ടു കൊണ്ട് സന്തുലിതമായ ജീവിതം സാദ്ധ്യമാക്കാവുന്നതാണ്.


                സ്നേഹപൂർവ്വം

              സുധി തോട്ടുപുര

                  9809029380

              


 

Comments

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ