ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

 




          ക്ഷേത്രാരാധനാ സമ്പ്രദായം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദേവതാ സങ്കൽപ്പങ്ങളിലാണ്. പലരും ധരിച്ചു വച്ചിരിക്കുന്നത് ദേവതയും ഈശ്വരനും ഒന്നാണെന്നാണ്. അടിസ്ഥാനപരമായി അത് ശരിയാണെങ്കിലും ഈശ്വരൻ ഒന്നേയുള്ളൂ; ദേവതാ സങ്കൽപ്പങ്ങൾ നിരവധിയുണ്ട്. ദേവതയിലും, നമ്മളിലും കുടികൊള്ളുന്ന ഈശ്വരൻ ഒന്നു തന്നെയാണ്. ആത്മചൈതന്യമാണത്. നമ്മളിലും ദേവതയിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണെങ്കിൽ പിന്നെ ദേവതാ സമ്പ്രദായത്തിന് എന്താണ് പ്രസക്തി എന്ന ഒരു ചോദ്യം സ്വാഭാവികമായും വരും. ദേവതാ സങ്കൽപ്പങ്ങൾ തത്വങ്ങളാണ്.  സാധകനെ ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന ഭക്തി, ജ്ഞാനം, കർമ്മം എന്നിവയിലേക്ക് സാധകനെ കൊണ്ടു പോകുന്നത് ദേവതാ സങ്കൽപ്പങ്ങളിലെ തത്വങ്ങളാണ്. കാലാകാലങ്ങളിൽ മണ്ണിൽ പിറന്ന് മാനവകുലത്തിന് ധാർമ്മിക സന്ദേശം പകർന്ന പുണ്യാത്മാക്കളെ നാം ദേവതാ സങ്കൽപ്പത്തിൽ ആരാധിക്കുന്നുണ്ട്. ശ്രീരാമനും, ശ്രീകൃഷ്ണനും, ബലരാമനുമെല്ലാം അത്തരം ദേവതാ സങ്കൽപ്പങ്ങളാണ്. ഭൂരിഭാഗം ആളുകളും ദേവതാ സങ്കൽപ്പങ്ങളുടെ രൂപത്തേയും കഥാപാത്രങ്ങളേയും മാത്രം ആരാധിക്കുന്നു. ദേവതാ സങ്കൽപ്പം നമുക്ക് പകർന്ന് നൽകിയ ജീവിതമൂല്യങ്ങളേയോ, ധർമ്മങ്ങളേയോ, തത്വങ്ങളേയോ മനസ്സിലാക്കുന്നില്ല. അതു കൊണ്ട് തന്നെ ധർമ്മാചരണത്തിനായി ഉത്ഘോഷിച്ച രാമന്റെയും, കൃഷ്ണന്റേയും മുന്നിൽ പ്രാർത്ഥനയും, കാണിക്കയും, വഴിപാടും സമർപ്പിച്ച് അധാർമ്മിക പ്രവർത്തികളിലേർപ്പെടുന്നവർ ധാരാളമുണ്ട്. ഇതിനെല്ലാം പരിഹാരം തത്വവിചാരമാണ്. ആത്മീയവും ഭൗതികവുമായ ഉന്നതിക്കുവേണ്ടി സനാതനധർമ്മത്തിലെ പ്രതീകാത്മക ദർശനങ്ങളേയും, ദേവതാ സങ്കൽപ്പങ്ങളേയുമെല്ലാം തത്വവിചാരം ചെയ്ത് അവയിലെ പൊരുളറിയാം.

          മനുഷ്യരൂപമുള്ള ദേവതകളെപ്പോലെ മനുഷ്യ രൂപമല്ലാത്ത ദേവതകളും നമുക്ക് ഉണ്ട്. ഹിന്ദുധർമ്മത്തിലെ ക്ഷേത്രാരാധനാ സമ്പ്രദായത്തിൽ പ്രഥമ ഗണനീയൻ ഗണപതിയാണ്. ഗണപതിയുടെ രൂപം ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. സാമാന്യയുക്തിക്കും ശാസ്ത്ര ബോധത്തിനും യോജിക്കുന്നതാണോ അത് ? എന്താണ് ഗണപതി എന്ന ദേവതാ സങ്കൽപ്പത്തിലൂടെ ഹൈന്ദവദർശനം ഉദ്ദേശിക്കുന്നത്?

          ഗണപതി ഒരു തത്വമാണ്. ഗണപതി ബുദ്ധിയുടേയും, സിദ്ധിയുടേയും പതിയാണ് എന്ന് പറയുന്നു. ബുദ്ധിയും, സിദ്ധിയും രണ്ട് സ്ത്രീകളല്ല; നമ്മളിലെ രണ്ട് ഗുണങ്ങളാണ്. ബുദ്ധി നമുക്ക് ഗ്രാഹ്യശക്തിയും, ചിന്താശക്തിയും, വിവേചന ശക്തിയുമെല്ലാം പ്രദാനം ചെയ്യുന്നു. സിദ്ധി നമ്മളിലെ നൈപുണ്യമാണ്. ബുദ്ധിയിലൂടെ ആർജ്ജിച്ച ജ്ഞാനത്തെ ഗുണാത്മകമായി കർമ്മത്തിൽ പ്രതിഫലിപ്പിക്കാനുളള കഴിവാണ് സിദ്ധി അഥവാ നൈപുണ്യം. നമ്മളിലെ ബുദ്ധിയുടേയും, സിദ്ധിയുടേയും പതി ആരാണ്? നമ്മുടെ ബോധതലം അഥവാ ജീവാത്മാവ് ആണ് എന്ന് കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാവണം നമ്മുടെ ജീവാത്മാവായ കുണ്ഡലിനി ശക്തി കുടികൊള്ളുന്ന മൂലാധാരചക്രത്തിലാണ് തന്ത്രശാസ്ത്രം ദർശിക്കുന്നത്. നല്ല ബുദ്ധിശക്തിയുള്ളവരെ നാം ഭയങ്കര തലയാണ് അവന് എന്ന് പറയാറുണ്ട്. ബുദ്ധിപരമായ കഴിവുകൾ തലച്ചോറിന്റെ പ്രവർത്തനമായതിനാലാണ് ബുദ്ധിയെ തലയുമായി ബന്ധപ്പെടുത്തി പറയുന്നത്. നമ്മളിൽ ഉറങ്ങിക്കിടക്കുന്ന അസാമാന്യ ബുദ്ധിയുടെ കേന്ദ്രം എന്ന നിലക്ക് തന്നെയാവണം കരയിലെ ഏറ്റവും വലിയ ജീവിയുടെ തല കൊണ്ട് തന്നെ ഗണപതി തത്വത്തെ പ്രതീകവത്ക്കരിച്ചത്.

       ഏറ്റവും കരുത്തനായിരുന്നിട്ടും ശിവപാർവ്വതിമാരുടെ പുത്രനായിരുന്നിട്ടും ഗണപതി എങ്ങിനെ ഒറ്റക്കൊമ്പനായി? ഗണപതിയുടെ കൊമ്പ് ഏകാഗ്രതയുടെ പ്രതീകമാണ്. ബുദ്ധി, സിദ്ധി എന്നിവയോട് അഭേദ്യമായി ചേർന്ന് നിൽക്കുന്ന ഒരു പ്രധാന ഘടകമാണ് ഏകാഗ്രത എന്ന തത്വം ഗണപതിയുടെ ഏകദന്തം എന്ന കാഴ്ചപ്പാടിലൂടെ ഋഷിമാർ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

ഇനി ഗണപതിയുടെ വാഹന സങ്കൽപ്പം നോക്കാം. സാധാരണ ഒരു വ്യക്തി ഒരു എലിയുടെ മേൽ ഇരുന്നാൽ എന്തായിരിക്കും അവസ്ഥ! അപ്പോൾ ആനയുടെ തലയുള്ള ഗണപതി ഇരുന്നാലുള്ള അവസ്ഥ ചിന്തിക്കണോ.. പിന്നെ എന്തുകൊണ്ടാണ് ഗണപതിയുടെ വാഹനം എലിയായത്? എലി മലയും തുരക്കും എന്ന് കേട്ടിട്ടില്ലേ. വിഷയങ്ങളിലേക്ക് തുരന്ന് ചെല്ലാൻ - ആഴ്ന്നിറങ്ങാനുള്ള കഴിവാണ് എലി വാഹനം പ്രതീകവത്ക്കരിക്കുന്നത്.

              ഇനി ഗണപതിയുടെ കൈകളിലേക്ക് നോക്കുകയാണെങ്കിൽ ഒരു കയ്യ് അനുഗ്രഹമുദ്രയാണ്, ഒരു കയ്യിൽ താമരയാണ്. കയ്യിൽ പത്മം ധരിച്ചിരിക്കുന്നത് മനഃശാന്തിയുടേയും, ഹൃദയ നൈർമ്മല്യത്തിന്റേയും പ്രതീകമാണ്. മനഃശാന്തിയും, ഹൃദയ നൈർമ്മല്യവും ഉള്ളിടത്തേ ബുദ്ധിക്കും, സിദ്ധിക്കും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ

എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. പിന്നെയുള്ള രണ്ട് കൈകളിലായി പാശവും അങ്കുശവുമാണ്. പാശമെന്നാൽ കയറും, അങ്കുശമെന്നാൽ ആനയെ നിയന്ത്രിക്കുന്ന തോട്ടിയുമാണ്‌. ഇവ രണ്ടും ആത്മനിയന്ത്രണത്തിനെ പ്രതീകവൽക്കരിക്കുന്നു.

     ഇവ കൂടാതെ ചില ഗണപതി ചിത്രങ്ങളിൽ

അറിവിന്റെ പ്രതീകമായി ഗ്രന്ഥങ്ങളും, സന്തോഷത്തിന്റേയും, സ്നേഹത്തിന്റേയും പ്രതീകമായി മധുരപലഹാരങ്ങളും ദർശിക്കാം.

        കൂടാതെ ഗണപതിഹോമം അതിരാവിലെ ഉദയത്തിന് മുൻപൊക്കെയായിട്ടാണ് നടക്കുന്നത്. അവിടെ പ്രധാന നേദ്യം അഷ്ടദ്രവ്യമാണ്. പ്രാതൽ ഏറ്റവും നേരത്തേ കഴിക്കണമെന്നും, പ്രാതൽ തലച്ചോറിന്റെ ആഹാരമെന്ന് പറയാറുണ്ട്  ക്ഷീണമകറ്റുന്നതും, ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതുമായ ഭക്ഷണമാണ് അഷ്ടദ്രവ്യമായി ഗണപതിക്ക് നേദിക്കുന്നതും, പിന്നീട് പ്രസാദമായി നമ്മൾ അതിരാവിലെ കഴിക്കുന്നതും..

ഏതൊരു പ്രവർത്തിയും ആരംഭിക്കുന്നതിന് മുൻപായി നമ്മുടെ ബുദ്ധിയേയും കഴിവുകളേയും പറ്റി ചിന്തിക്കുകയും, അവയെ ഉണർത്തുകയും ചെയ്യുന്നത് നമ്മുടെ തടസ്സങ്ങളെ നീക്കി പ്രവർത്തികളെ വിജയിപ്പിക്കുമെന്ന് സംശയമില്ലാത്ത വസ്തുതയാണ്. അതിനാൽ ഏതൊരു പ്രവർത്തിക്കും മുമ്പ് നമ്മൾ ഗണപതിയെ സ്മരിച്ച് തുടങ്ങുന്നു.

         കേവലം ആനയുടെ തലയും, മനുഷ്യന്റെ ഉടലും കുംഭ വയറുമൊക്കെയുള്ള ഒരു ദൈവ സങ്കൽപ്പത്തിനുമപ്പുറം ഗണപതി എന്ന തത്വം ഉൾക്കൊള്ളുന്ന ആന്തരീക അർത്ഥതലങ്ങളെ ഉൾക്കൊള്ളുമ്പോൾ ഹൈന്ദവദർശനങ്ങളിലെ സൗന്ദര്യം നമുക്ക് കൂടുതൽ ആസ്വാദ്യമാകുന്നു.     


                            ~ സുധി തോട്ടുപുര~


Comments

Popular posts from this blog

പൗർണ്ണമിസാധന

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ