അന്വേഷണബുദ്ധിയും, പ്രത്യാശയും പിന്നെ ഇരുട്ടുമുറിയിലെ പൂച്ചയും



അന്വേഷണബുദ്ധിയും, പ്രത്യാശയും പിന്നെ ഇരുട്ടുമുറിയിലെ പൂച്ചയും....

അന്വേഷണബുദ്ധിയും, പ്രത്യാശയും ഈശ്വരന്റെ വരദാനമാണ്. നിഷേധാത്മാകത ശാപവും. "പ്രത്യാശ" തെളിവാർന്ന കണ്ണുകളാണെങ്കിൽ "അന്വേഷണബുദ്ധി" ടോർച്ചാണ്..

   ഒരിക്കൽ ഒരു ഇരുട്ടുമുറിയിൽ ഒരു വളരെ വിശിഷ്ടമായ പൂച്ച അകപ്പെട്ടു. അമൂല്യമായ ആ പൂച്ചക്ക് എന്തും സാധിച്ച് തരാനുള്ള കഴിവുണ്ട്. മുറിയിലെ കൂരാക്കൂരിരുട്ടും, വലിപ്പത്തിന്റെ ബാഹുല്യവും പൂച്ചയെ കണ്ടെത്തുക എന്ന ജോലി വളരെ ശ്രമകരമാക്കുന്നതിനാൽ ഏറെപ്പേർ അതിൽ അങ്ങിനെയൊരു പൂച്ചയില്ല എന്ന് പറഞ്ഞു നടന്നു. എങ്കിലും അതിലേറെപ്പേർ പൂച്ചയുണ്ടെന്ന് വിശ്വസിച്ചു. 

                ഒരുനാൾ എല്ലാ കഴിവും തനിക്കുണ്ട് എന്ന് സ്വയം വിശ്വസിച്ചിരുന്ന ഒരാൾ പൂച്ചയെ പിടിക്കാൻ ആ വലിയ ഇരുട്ടുമുറിയിൽ കയറി. കണ്ണു കാണാതെ പലതും തട്ടിയും മുട്ടിയും മറിച്ചിട്ടു. കുറേ ശബ്ദകോലാഹലങ്ങളുണ്ടാക്കി. ഏറെ നേരത്തിന് ശേഷം ചില്ലറ പരിക്കുകളോടെ പുറത്തിറങ്ങി ഉറക്കെ പ്രഖ്യാപിച്ചു, "അകത്ത് പൂച്ചയില്ല".  പുറത്ത് കൂടിനിന്ന അയാളുടെ സുഹൃത്തുക്കളും പറഞ്ഞു പൂച്ചയില്ല. 

           ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റൊരാൾ പൂച്ചയെ പിടിക്കാനെത്തി. അയാളുടെ കയ്യിൽ ഒരു പരന്ന പാത്രത്തിൽ നല്ല പശുവിൻപാൽ കാച്ചിക്കുറുക്കിയത് ഉണ്ടായിരുന്നു. അയാൾ മുറിയിൽ കയറി, സശ്രദ്ധം സാവധാനം നടന്നു. ഒഴിഞ്ഞ ഒരിടത്ത് കയ്യിൽ പാൽപ്പാത്രവുമായി ധ്യാനലീനനായി ഇരുന്നു. അൽപ്പസമയത്തിനുള്ളിൽ പൂച്ച പതിയെപ്പതിയെ അയാൾക്കരികിൽ വന്നു പാൽ കുടിച്ചു. അയാൾ സ്നേഹപൂർവ്വം പൂച്ചയെ എടുത്തു തലോടിക്കൊണ്ട് മുറിയുടെ പുറത്തേക്ക് വന്നു. വിജയശ്രീലാളിതനായി വന്ന അദ്ദേഹത്തെ എല്ലാവരും അഭിനന്ദിച്ചു.

             അന്വേഷണബുദ്ധി, വിവേകം, പ്രത്യാശ ഇതെല്ലാം പ്രായോഗികമായി ഉപയോഗിക്കുമ്പോൾ ഒരാൾ വിജയത്തിലെത്തുന്നു. ഇവയൊന്നും ഇല്ലാത്തവർ നിഷേധാത്മക ഭാവത്തോടെ ജീവിതം തള്ളിനീക്കുന്നു...

                    ~ സുധി തോട്ടുപുര ~

Comments

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

പൗർണ്ണമിസാധന

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ