അമാവാസിയും മോക്ഷവുo


 അമാവാസിയെക്കുറിച്ച് നമുക്കറിയാം കറുത്തവാവ്; അന്ന് ചന്ദ്രനുദിക്കില്ല.. ഭാരതീയ ദർശനങ്ങൾ അമാവാസി ദിവസത്തെ പിതൃകർമ്മങ്ങൾക്ക് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്? 

       ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഭൂമിയിൽ ഏതൊരു ഡിഗ്രിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്നുവോ; അവിടെ അമാവാസിയാണ് എന്ന് അനുമാനിക്കാം. അമാവാസിക്ക് മോക്ഷവുമായി ഒരു ബന്ധമുണ്ട്. ഭാരതീയദർശന പ്രകാരം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തുന്ന പരമാത്മചൈതന്യവുമായി പ്രപഞ്ചവാസികളായ ചരാചരങ്ങളുടെ ജീവാത്മാവ് യോഗം ചെയ്യുമ്പോഴാണ് മോക്ഷം സിദ്ധിക്കുന്നത്. ജ്യോതിഷത്തിൽ സൂര്യനെ കാലപുരുഷൻ്റെ ആത്മാവായി പരികൽപ്പിച്ചിരിക്കുന്നു. അത് പരമാത്മാവ് തന്നെയാണ്‌. മനസ്സിൻ്റെ കാരകത്വമാണ് ചന്ദ്രന് കൽപ്പിച്ചിരിക്കുന്നത്. എന്താണ് മനസ്സ്! നമ്മളുടെ ചിന്തകൾ കൊണ്ടോ, വാക്കുകൾ കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന മുഴുവൻ ഫലത്തിൻ്റേയും ഭോക്താവാണ് മനസ്സ്; അത് ഫലം നല്ലതായാലും ചീത്തയായാലും. അദൃശ്യമായി ഭവിച്ച് നമ്മളിലെ നമ്മളായി വർത്തിച്ച് നമ്മുടെ ഫലങ്ങളുടെ ഭോക്താവാകുന്ന മനസ്സ്. അത് ജീവാത്മാവ് തന്നെയാണ്. അതുകൊണ്ട് ചന്ദ്രനെ ജീവാത്മാവായും വിവക്ഷിക്കാം. അങ്ങിനെയുള്ള ജീവാത്മകാരകനായ ചന്ദ്രൻ പരമാത്മകാരകനായ സൂര്യനുമായി യോഗം ചെയ്ത് സ്വന്തം അസ്ഥിത്വം വെടിഞ്ഞ് പരമാത്മാവിൽ ലയിക്കുന്ന ദിനം. അതിനാൽ നമുക്ക് അന്നേ ദിവസം ചന്ദ്രദർശനം സാധ്യമല്ലാതാകുന്നത്. ജീവാത്മാവും പരമാത്മാവും ഒന്നാകുന്ന മോക്ഷദിവസമാണ് അമാവാസി. അതിനാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കാൻ അന്നേ ദിവസം കർമ്മങ്ങൾ ചെയ്യുന്നു.

          ഒരു സാധകനെ സംബന്ധിച്ച് അവൻ്റെ മോക്ഷം എന്ന സങ്കൽപ്പം ഒരിക്കലും മരണാനന്തരമല്ല; ജീവിച്ചിരിക്കുമ്പോൾത്തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ ജീവാത്മാവ് പരമാത്മാവുമായി ശ്രുതിയിണങ്ങുമ്പോഴേ സാധന സാർത്ഥകമാകൂ. അതിനാൽ തന്നെ സാധകനെ സംബന്ധിച്ച് ആത്മിയസാധനകൾക്ക് ഏറ്റവും യോജ്യമായ ദിവസം അമാവാസിതന്നെ എന്നതിൽ തർക്കമില്ല. അമാവാസി ദിവസം പരമാത്മാവിനെ അഥവാ പരാശക്തിയെ ഉപാസിച്ച് ഏവർക്കും മോക്ഷത്തിലെത്താൻ ജഗദംബയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ....

                             സുധി തോട്ടുപുര

        സത്ഗമയ ആത്മീയ പഠന ഗവേഷണ കേന്ദ്രം

Comments

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

പൗർണ്ണമിസാധന

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ