പാലാഴിമഥനവും ആത്മസാക്ഷാത്ക്കാരവും
ഭാരതത്തിൻ്റെ ആത്മീയ ദർശനങ്ങൾ ഏറ്റവും ഔന്നത്യമുള്ളതാണ്. എന്നാൽ അവയിൽ പലതും സാധാരണക്കാർക്ക് ഗ്രഹിക്കാൻ എളുപ്പമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ ഋഷിമാർ സാമാന്യ ജനത്തിന് ലളിതമായി മനസ്സിലാകും വിധം വേദപ്പൊരുളുകളെ ഉപനിഷത്തുക്കളും, പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെയാക്കി രചിച്ചുകൊണ്ടുള്ള ശ്രമം തുടർന്നിരുന്നു. പല തത്വങ്ങളേയും പ്രതീകാത്മകമായി ചിത്രീകരിച്ചിരുന്നതിനാൽ എത്രമാത്രം അത് സഫലമായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അത്തരത്തിൽ പ്രതീകാത്മകമായി രചിച്ച ഒരു കഥയുടെ താത്വിക തലത്തിലേക്ക് ഒന്ന് കണ്ണോടിക്കുകയാണിവിടെ.
പുരാണങ്ങളിൽ മിക്കവാറും ഇതിവൃത്തം ദേവൻമാരും അസുരന്മാരും തന്നെയെന്ന് നമുക്കറിയാം. ദേവൻമാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞ് അമൃതെടുത്ത കഥ നാമെല്ലാം കേട്ടിട്ടുണ്ട്. ദേവൻമാരും, അസുരന്മാരും അമരത്വം നേടാൻ വേണ്ടി നടത്തിയ ശ്രമമായിരുന്നു അത്. പാലാഴി എന്നൊരു പാൽക്കടലിൽ മന്ഥരപർവ്വതം പോലൊരു പർവ്വതത്തെ കടകോലാക്കിക്കൊണ്ടും വാസുകി എന്ന പാമ്പിനെ കയറാക്കിക്കൊണ്ടും ഒരു ഭാഗത്ത് ദേവൻമാരും മറുഭാഗത്ത് അസുരന്മാരും ചേർന്ന് കടൽ കടഞ്ഞു എന്നൊക്കെ പറയുമ്പോൾ യുക്തിപരമായി അപ്രായോഗികമായി തോന്നാം. എന്നാൽ അതിനെ തത്വവിചാരം ചെയ്താൽ പലാഴിയെ നമുക്ക് മനസ്സായി പരികൽപ്പിക്കാം. മന്ഥരപർവ്വതം എന്ന കടകോൽ നട്ടെല്ലായും, കടകോലിൽ ചുറ്റിയ മൂന്നര ചുറ്റുള്ള വാസുകി എന്ന സർപ്പം കുണ്ഡലിനിയായും സങ്കൽപ്പിക്കുമ്പോൾ പാലാഴിമഥനം എന്ന ആശയത്തിൻ്റെ സൗന്ദര്യം നമുക്ക് ദൃശ്യമാകുന്നു. ഇവിടെ പാലാഴി കടയുക എന്ന പ്രവൃത്തി എന്ന് പറയുന്നത് നമ്മുടെ ആത്മീയമായ സാധന തന്നെയാണ്. മനസ്സിലെ അസുരഗണം നെഗറ്റീവ് ചിന്താതരംഗങ്ങളെ സൃഷ്ടിക്കുമ്പോൾ തന്നെ ദേവഗണം പോസിറ്റീവ് ചിന്താതരംഗങ്ങളെ സൃഷ്ടിക്കുന്നു. അങ്ങിനെ നമ്മുടെ മനസ്സിൽ പോസിറ്റീവ് ചിന്തകളും, നെഗറ്റീവ് ചിന്തകളും മാറി മാറി വന്നുകൊണ്ടിരിക്കും. ഇത്തരത്തിൽ പ്രപഞ്ച രഹസ്യത്തിൻ്റെ പൊരുൾ തേടിയുള്ള യാത്രയിൽ വസ്തുതകളെ ശരിതെറ്റുകളിൽ നിന്ന് ഗുണദോഷവിവേചനം ചെയ്ത് മുന്നോട്ടു പോകുമ്പോൾ അമൃതമായ ആ പരമസത്യത്തെ നമുക്ക് ലഭിക്കുന്നു.
പാലാഴിമഥനം കഥാസന്ദർഭത്തിൽ മറ്റ് ചിലത് കൂടി പറയുന്നുണ്ട്. അമൃതകുംഭം ഉയർന്ന് വരും മുമ്പ് പല അമൂല്യമായ വസ്തുക്കളും ഉയർന്നു വന്നു എന്ന്. ഒരാൾ ആത്മസാക്ഷാത്കാരത്തിനായുള്ള ശരിയായ പാതയിൽ സഞ്ചരിക്കുമ്പോൾ അയാളിൽ ധാരളം പണവും സൗഭാഗ്യങ്ങളും പേരും പ്രശസ്തിയും എല്ലാം വന്നു ചേരാം. പക്ഷേ അതിനെയെല്ലാം അവഗണിച്ചു കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്നവർക്കേ അന്തിമമായ ലക്ഷ്യത്തിൽ എത്താൻ സാധിക്കൂ എന്ന പാഠവും ഇവിടെ നൽകുന്നുണ്ട്.
കൂടാതെ സർവ്വനാശകരമായ കാളകൂടവിഷവും പുറത്ത് വന്നതായി നാം കണ്ടു. ആ കാളകൂടവിഷത്തെ നിർവ്വീര്യമാക്കിയത് നിദ്രയെ വെടിഞ്ഞ് പൂർണ്ണമായ ജാഗ്രത് അവസ്ഥയിൽ ആത്മീയമായ സാധന ചെയ്തു കൊണ്ടാണെന്നും കഥയിൽ വിവരിക്കുന്നുണ്ട്. ഇഡ-പിംഗള-സുഷുമ്ന നാഡീ സങ്കേതത്തെ ശോധനചെയ്തുകൊണ്ട് കുണ്ഡലിനിയെ ഊർദ്ധ്വമുഖമാക്കി ഗുണാത്മകവും ഋണാത്മകവുമായ ചിന്തകളാൽ മനസ്സിനെ മഥനം ചെയ്ത് തങ്ങളുടെ ആഴങ്ങളിൽ മനസ്സിൻ്റെ കുടികൊള്ളുന്ന അമൃതമാകുന്ന ആത്മചൈതന്യത്തെ സാക്ഷാത്കരിക്കാൻ എല്ലാ സാധകർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
സുധി തോട്ടുപുര
Comments
Post a Comment
Thanks