സമ്പന്നതയിലെ ദാരിദ്ര്യം

 






ജീവിതത്തിലെ ചില അവസ്ഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അതി മനോഹരമായ ഒരു വീട്. അവിടെ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ ജീവിത ശൈലിയെപ്പറ്റി പറയുകയാണെങ്കിൽ; അടുക്കളയിൽ ഭക്ഷണം പാകം

ചെയ്യാനുള്ള എല്ലാ വിധ സൗകര്യങ്ങളും, ഫ്രിഡ്ജിലും സ്റ്റോർ റൂമിലുമായി എല്ലാവിധ ഭക്ഷണങ്ങളും പാകം ചെയ്യാൻ വേണ്ട വസ്തുവകകളും ഉണ്ടെങ്കിലും അടുപ്പിൽ തീയ്യൂതി ഒരു കഞ്ഞിയുണ്ടാക്കി കഴിക്കും. അലമാരയിൽ ധാരാളം പണവും, ആഭരണങ്ങളും, നല്ലനല്ല വസ്ത്രങ്ങളും ഉണ്ടെങ്കിലും അയാൾ നിത്യവും ഉപയോഗിക്കുന്ന രണ്ട് ജോഡി വസ്ത്രങ്ങൾ തന്നെ അലക്കിയുണക്കി ഉപയോഗിക്കും. അലമാരയിൽ ഇത്രയും സാധനങ്ങൾ ഉളള കാര്യം പോലും അയാൾക്ക് അറിയില്ല. ഒരിക്കൽ പോലും തുറന്ന് നോക്കാൻ അയാൾ ശ്രമിച്ചിട്ടുമില്ല. ആധുനിക രീതിയിലുള്ള ടെലിവിഷനും, മ്യൂസിക് സിസ്റ്റവും ഉണ്ടെങ്കിലും അതൊന്ന് ഓൺ ചെയ്യാൻ ശ്രമിക്കില്ല. ബോറഡിയെ പഴിച്ച് ഇരിക്കും. AC യും ഫാനും ഒക്കെയുണ്ട്. എത്ര വിയർത്തൊലിച്ചാലും AC യോഫാനോ ഓൺ ചെയ്യില്ല. ഒരുപാട് മുറികളും അവിടെയെല്ലാം മനോഹരമായ ലൈറ്റുകളും ഒക്കെയുണ്ടെങ്കിലും രാത്രിയായാൽ  അയാൾ ലിവിംഗ് റൂമിൽ മാത്രം സമയം ചിലവഴിക്കും, മറ്റ് മുറികളിൽ ലൈറ്റിടാൻ പോലും അറിയില്ല. അതിന് ശ്രമിക്കാറുമില്ല; ശ്രമിച്ചാൽ സാധിക്കും. പകരം മറ്റുള്ള വീടുകളിൽ ലൈറ്റില്ലാത്തത് നോക്കി സമാധാനിക്കും, സന്തോഷിക്കും.  കാറും, ബൈക്കും ഒക്കെയുണ്ടെങ്കിലും എവിടെയെങ്കിലും പോകണമെങ്കിൽ നടന്ന് പോകും ക്ഷീണിച്ച് അവശനാകും..


        "അയാൾ എത്ര വിഡ്ഢിയാണല്ലേ!" എന്ന് സ്വാഭാവികമായും നമുക്ക് തോന്നാം.  "ആരാണയാൾ"


        അയാളെ കൂടുതൽ അന്വേഷിക്കേണ്ട. നാം ഓരോരുത്തരുമാണ് അയാൾ. അയാളുടെ വാസസ്ഥലം എന്ന് പറയുന്നത് നമ്മുടെ ജന്മമാണ്. ഒരു മനുഷ്യൻ്റെ മസ്തിഷ്കം എന്ന് പറയുന്നത് മാനുഷികവും അതിമാനുഷീകവുമായ നിരവധി കഴിവുകളുടെ കലവറയാണ്. അത്തരം കഴിവുകളൊന്നും പ്രയോജനപ്പെടുത്താതെ നിത്യവും ദുഃഖത്തിലും, ദാരിദ്ര്യത്തിലും, മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിലും, നമ്മുടെ പോരായ്മകളിൽ പരാതി പറയുന്നതിലുമൊക്കെയായി ആഴ്ന്ന് കിടക്കുകയാണ് നമ്മൾ. അതെല്ലാം ഉപേക്ഷിച്ച് നമ്മുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ജന്മസിദ്ധമായ കഴിവുകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. നമ്മുടെ ജീവിതത്തിലെ സകല സുഖ സൗകര്യങ്ങളും നമുക്ക് പ്രയോജനപ്പെടുത്താനാകും, സർവ്വവിധ ആനന്ദവും അനുഭവിക്കാനാകും.


                സ്നേഹപൂർവ്വം

               സുധി തോട്ടുപുര

Comments

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

പൗർണ്ണമിസാധന

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ