കൈവിഷം



കൈവിഷം

""""""""""""""""


   സാധാരണ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടിൽ ഘനീഭവിച്ച വിശ്വാസങ്ങൾ ദേശകാലാന്തരഭേദമില്ലാതെ എക്കാലത്തും പ്രവർത്തിക്കുന്നുണ്ടല്ലോ.. അതിൽ മുഖ്യമായത് മന്ത്രവാദം തന്നെ. മന്ത്രവാദ പ്രവൃത്തിത്തികളിൽ ഏറെ പ്രചാരം ലഭിച്ച ഒന്നാണ് കൈവിഷം. ആധുനിക തലമുറയിലെ പലരും അധികം കേട്ടിരിക്കാനിടയില്ലെങ്കിലും വലിയൊരു വിഭാഗം പേർ ഇതിനെക്കുറിച്ച് കേട്ടിരിക്കും.

 ചില പ്രത്യേക മന്ത്രവാദ പ്രവൃത്തികളിലൂടെ അന്യരെ സ്വാധീനിക്കുന്ന വിദ്യയാണിത്. അകത്തേക്ക് ഭക്ഷിക്കാൻ കൊടുക്കുന്നത് മുതൽ പൂക്കളിൽ മന്ത്രം പ്രയോഗിച്ച് ചൂടാൻ കൊടുക്കുക, ലേപനങ്ങളിൽ മന്ത്രം പ്രയോഗിച്ച് ഉപയോഗിക്കാൻ കൊടുക്കുക എന്നിങ്ങനെ പലവിധം ഉണ്ടത്രേ.. വശ്യം, ഉച്ചാടനം, മാരണം എന്നിങ്ങനെ പല പ്രകാരത്തിലും ഇത് പ്രയോഗിക്കപ്പെട്ടിരുന്നു. ഇന്നിവിടെ പറയാനുദ്ദേശിക്കുന്നത് പണ്ട് നടന്ന ഒരു വശ്യ പ്രയോഗമാണ്. പലരും ഇതൊരു ഭാവനാസൃഷ്ടിയായി കരുതിയേക്കാം; നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു യഥാർത്ഥസംഭവമാണ്..


        ഇത് നടക്കുന്നത് 90 കളുടെ മധ്യകാലഘട്ടത്തിലാണ്. അന്ന് ഞാൻ പനങ്ങാട് ഹൈസ്കൂളിൽ പഠിക്കുന്നകാലം. ഏതൊരാളുടേയും പോലെ എല്ലാം പരസ്പരം പറയുന്ന, എന്ത് കൊള്ളരുതായ്മത്തരത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന നൻപൻ (best friend) എനിക്കും ഉണ്ടായിരുന്നു. അവനാണ് ഈ സംഭവകഥയിലെ നായകൻ. ഹൈസ്കൂൾതലങ്ങളിൽ പലരും പലപ്പോഴും പഠനത്തോടൊപ്പമോ, അതുക്കും മേലയോ ആയി കൊണ്ടു നടക്കുന്ന കാര്യമാണല്ലോ പ്രണയം. അത്തരത്തിലൊരു പ്രണയം തന്നെയാണ് ഈ കഥയിലെ ഇതിവൃത്തം. കാലഘട്ടങ്ങൾ ഏറെ കഴിഞ്ഞാലും പലർക്കും കഥാപാത്രങ്ങളെ നേരിട്ടറിയാവുന്നതു കൊണ്ടും, അവരുടെ ഇന്നത്തെ വ്യക്തിജീവിതത്തിന്റെ സുരക്ഷ പരിഗണിച്ചു കൊണ്ടും  പേരുകൾ ഇവിടെ പ്രതിപാദിക്കുന്നില്ല...


    എന്റെ സുഹൃത്ത് കാണാൻ സുമുഖനാണ്. നാന്നായി നർമ്മം ചേർത്ത് ആരേയും രസിപ്പിക്കുംവിധം സംസാരിക്കാനുമറിയാം. അക്കാലത്ത് നല്ലൊരു പ്രണയം പൂവിടാൻ ഒരാൺകുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെത്തന്നെ ധാരാളമാണ്. ഞങ്ങൾക്കൊപ്പം മറ്റൊരു ഡിവിഷനിൽ പഠിക്കുന്ന കാണാൻ കൊള്ളാവുന്ന ഒരു പെങ്കൊച്ചിനോട് നമ്മുടെ നായകന് കലശലായ പ്രണയം തോന്നി. ദിനംപ്രതി അവന്റെ മനസ്സിൽ ആ പ്രണയം വളർന്നുകൊണ്ടേയിരുന്നു. അത് പതുക്കെപ്പതുക്കെ അവന്റെ മനസ്സിൽ ഒരു സുനാമിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.. അവളുടെ സ്നേഹം ലഭിക്കാൻ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് അവനെ നയിക്കുന്നതായിരുന്നു ആ സുനാമി. ഉച്ചക്കുള്ള ലോങ്ങ് ഇന്റർവെൽ സമയങ്ങളിൽ ഭക്ഷണ ശേഷമുള്ള സമയം അവളെ കാണാൻ അവളോട് മിണ്ടാൻ അവൻ മനപ്പൂർവ്വം കറങ്ങി നടക്കുമായിരുന്നു അവൻ. ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയിൽ അവന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതും, സ്കൂളിനുള്ളിൽ കറങ്ങാൻ പോകുമ്പോൾ കൂടെപ്പോയിരുന്നതും ഞാനായിരുന്നു. ആ കറക്കത്തിൽ നായികയെ കാണും, പരസ്പരം ചിരിക്കും ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ വാക്കുകളിൽ എന്തെങ്കിലും നർമ്മ സംഭാഷണങ്ങൾ നടത്താറുമുണ്ട്. നമ്മുടെ നായികക്ക് നായകനോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക ആനന്ദം ഉണ്ടാകുന്നതായി എനിക്ക് തോന്നാറുണ്ട്. ഒരുപക്ഷേ അത് അവളുടെയുള്ളിൽ അവനോടുള്ള താൽപര്യമായിരിക്കാം. വ്യക്തികളുടെ സംസാരരീതിയും ശരീരഭാഷയും കണ്ടാൽ ഒരോരുത്തരുടേയും മനസ്സിലിരുപ്പ് ഏറെക്കുറേ നമുക്ക് മനസ്സിലാക്കാമല്ലോ. ഞാനത് നമ്മുടെ നായകനോട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യം അവനും ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ മനസ്സിൽ പ്രണയത്തിന്റെ സുനാമിയൊളിപ്പിച്ച നമ്മുടെ നായകന് ആ പ്രണയം നായികയോട് പറയുവാനുള്ള ധൈര്യവുമില്ല. കൂടെ ഒരു പിടിവാശിയും; അവൾ അവനോട് ഇഷ്ടം തുറന്ന് പറയണം പോലും. അതിനൊരു വഴി ഞങ്ങൾ പലരീതിയിൽ ആലോചിച്ചു പക്ഷേ ഒന്നും തെളിഞ്ഞു വരുന്നില്ല..


      അന്നൊരു തിങ്കളാഴ്ചയായിരുന്നു. രണ്ടു ദിവസം കാണാതിരുന്ന് ഞങ്ങൾ തമ്മിൽ കാണുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു. എന്തെന്നില്ലാത്ത ഒരു സന്തോഷവും. ഞാൻ കാര്യം തിരക്കി. അവൻ പറഞ്ഞു നമ്മുടെ പ്രശ്നത്തിന് ഒരു പരിഹാരം കിട്ടി. കൂടുതൽ പറയാൻ തെക്കേഗ്രൗണ്ടിന്റെ ആളൊഴിഞ്ഞ ഒരിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

മുണ്ടിന്റെ തലപ്പിൽ നിന്നും ഒരു കടലാസ് പൊതിയെടുത്ത് അഴിച്ചു. ഞാൻ ഏറെ കൗതുകത്തോടെ അതിലേക്ക് നോക്കി; അതിൽ ഒരു വെറ്റിലയായിരുന്നു. ഞാൻ ചോദിച്ചു നീ വെറ്റില മുറുക്കാനാണോ എന്നെയും വിളിച്ച് ഇങ്ങോട്ട് വന്നത്? അവൻ വിശദീകരിച്ചു, ഇതൊരു സാധാരണ വെറ്റിലയല്ല. അവനത് നിവർത്തിക്കാണിച്ചു. അതിൽ മുനയുള്ള എന്തോ ഉപയോഗിച്ച് എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഞാൻ വായിക്കാൻ ശ്രമിച്ചു. കണ്ടിട്ട് എന്തോ മന്ത്രങ്ങൾ പോലെ തോന്നുന്നു. അവൻ കൂടുതൽ വിശദീകരിച്ചു. അസ്മാബികോളേജ് ഭാഗത്ത് ഒരു ശാന്തിക്കാരനും, ജോൽസ്യനും ഒക്കെയായ ഒരു മന്ത്രവാദി കൂടിയായ ഒരാൾ ഉണ്ടായിരുന്നു അക്കാലത്ത്. അയാളോട് ഈ വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ രണ്ട് ദിവസത്തെ മന്ത്രവാദത്തിനൊടുവിൽ പിറന്നതാണീ മാന്ത്രിക വെറ്റില. പ്രസ്തുത പെൺകുട്ടിയുടെ സാന്നിധ്യത്തിൽ ഈ വെറ്റില ഉപയോഗിച്ച് മുറുക്കി അവളുടെ കാലടിപ്പാടുകളിൽ തുപ്പിയാൽ അവൾ ഇഷ്ടം തുറന്ന് പറയുമത്രേ. ഈ മാന്ത്രിക വെറ്റില ലഭിക്കാൻ മന്ത്രവാദിക്ക് ദക്ഷിണ കൊടുക്കാൻ പലചരക്ക് കടയിൽ പോകാൻ കൊടുത്ത കാശ് പോക്കറ്റിൽ നിന്ന് വീണ് പോയി എന്ന് പറഞ്ഞ് സംഘടിപ്പിച്ചതാണ്. എന്തായാലും ഉച്ചക്ക് ലോങ്ങ് ഇന്റർവെല്ലിന് സംഭവം നടക്കണം. ഞാൻ കട്ടക്ക് കൂടെ നിന്നു. ഒരുമണിയാക്കിയെടുക്കാൻ ഒരുപാട് കാത്തിരുന്ന് കഷ്ടപ്പെട്ട പോലെ തോന്നി. ഒടുവിൽ ആ മണി മുഴങ്ങി. ഒരുവിധം ഭക്ഷണം കഴിച്ച് കൈകഴുകി അവൾ നടന്നുവരാറുള്ള വഴിയിൽ ഞങ്ങൾ നിൽപ്പുറപ്പിച്ചു. അവൻ മുറുക്കാൻ വേണ്ട മറ്റ് സജ്ജീകരങ്ങളും കരുതിയിരുന്നു. അവളുടെ വരവ് കാത്ത് കുറച്ച് നേരം കാത്തിരുന്നു. ദേ അവൾ വരുന്നുണ്ട്, കൂടെ രണ്ട് കൂട്ടുകാരികളുമുണ്ട്. നായകൻ  മുറുക്കാൻ വായിലിട്ടു. നല്ലവണ്ണം ചവച്ചു. നന്നായി ചുവന്നനിറം വരണമല്ലോ. അവൾ അടുത്തെത്തി മുറുക്കാൻ വായിലുള്ളതുകൊണ്ട് ഒന്നും മിണ്ടിയില്ല. അഡ്ജസ്റ്റ് ചെയ്തൊരു ചിരിമാത്രം. അവൾ ഞങ്ങളെ കടന്ന് പോയതും കൂട്ടുകാരികളുടെ കാൽപ്പാടുകളിൽ വീഴാതെ കൃത്യം നായികയുടെ കാൽപ്പാടുകളെ ഉന്നംവച്ച് നീട്ടിയൊരു തുപ്പാണ് നമ്മുടെ നായകൻ നടത്തിയത്. കാരണം കാൽപ്പാടുകൾ മാറിയാൽ ലക്ഷ്യം തന്നെ മാറിമറിയും. കൂട്ടുകാരികളെ കാണാനാണെങ്കിൽ വല്യ ചന്തവും പിടിക്കുന്നില്ല...


    ഒരുനിമിഷം കൊണ്ട് എല്ലാം ശുഭം. മുറുക്കിത്തുപ്പൽ ലേശം ഒന്ന് പാളി. കാൽപ്പാടുകളിൽ മാത്രമല്ല. അവളുടെ പാദങ്ങളിലും, പാവാടയിലും വരെ ആ മാന്ത്രിക വെറ്റില പ്രവർത്തിച്ചു.. അവൾ തിരിഞ്ഞു നോക്കി പദ്ധതി പാളിയ ജാള്യതയും, സ്വതസിദ്ധമായ ചിരിയുമായി മുറുക്കിച്ചുവപ്പിച്ചു നിന്ന നായകനെക്കണ്ട് അവളുടെ കലി ഇരട്ടിച്ചു. നിന്നെ ഞാൻ ശരിയാക്കിത്തരാടാ എന്നു പറഞ്ഞ് പോകുന്ന പോക്ക് അത്ര പന്തിയായി തോന്നിയില്ല. എന്തോ വരാൻ പോകുന്നതിന്റെ അടയാളം പോലെ. ചിത്രം കളറുമാറി എന്ന് മനസ്സിലായി. ഞങ്ങൾ സ്ഥലത്തു നിന്നും സ്കൂട്ടായി. 


      പരാതി HM ന്റെ ചെവിവരെയെത്തി. പെൺകുട്ടിയുടെ കാലിൽ തുപ്പിയത് മാത്രമല്ല കേസ്. സ്കൂളിൽ ലഹരിവസ്തു ഉപയോഗിച്ചു എന്നുള്ളത് വരെയുള്ള വകുപ്പുകൾ ഉണ്ട്. 

ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിൽ കയറി 20 മിനിറ്റിന്നുളളിൽ വാറണ്ടുമായി പ്യൂൺ വന്നു. നായകനെ കയ്യോടെ കസ്റ്റഡിയിലെടുത്ത് HM മുമ്പാകെ ഹാജരാക്കി. നല്ലൊരു ലാത്തിച്ചാർജ്ജ് തരമായി നായകന്. മേമ്പൊടിയായി ശകാരവും ശാപവാക്കുകളും പിന്നെ താക്കീതും...


      എന്തുകൊണ്ടോ എന്നറിയില്ല; പിന്നീട് നായിക നായകനെ കണ്ടാൽ ചിരിക്കാറില്ല, മിണ്ടാറില്ല. സീൻ മൊത്തം ശോകം. ഏറ്റവും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ വാസ്തവം മനസ്സിലാക്കാതെ  നിഷ്കരുണം ഒഴിവാക്കുമ്പോഴുള്ള ദുഃഖം ആർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ എന്തൊരു അവിവേകവും ചെയ്ത് പോകുന്ന അവസ്ഥ. പക്ഷേ അവൻ ആത്മാർഥമായി സ്നേഹിക്കുന്ന വേറെയും രണ്ടുമൂന്ന് പെൺകുട്ടികൾ ഉള്ളത് കൊണ്ട് അവൻ ആ ദിനങ്ങളെ സമർത്ഥമായി അതിജീവിച്ചു...

 

Comments

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

പൗർണ്ണമിസാധന

ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ